ജീവിതം ചിലപ്പോൾ ചിത്രത്തിൽ കാണുന്ന വഴികൾ പോലെ കുഴപ്പിക്കുന്നവ ആയേക്കാം ഇന്നത്തെ ആധുനിക ലോകത്ത് നമ്മൾ ഒരുപാട് കാര്യങ്ങൾക്കു പിന്നാലെ ഓടുന്നതുപോലെ. ജീവിതത്തിന്റെ രണ്ടു അറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി ഉള്ള ഓട്ടം, പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള ഓട്ടം, അവയ്ക്കൊന്നും പരിഹാരം കാണാൻ കഴിയാതാകുമ്പോൾ നമ്മൾ നിരാശിതരും പ്രതീക്ഷയറ്റവരും ആയേക്കാം. എന്നാൽ ചിലപ്പോ നിങ്ങൾ എല്ലാം നേടിയിട്ടുണ്ടാവും പണം, സുഹൃത്തുക്കൾ, പ്രശസ്തി എന്നാൽ ഇതിന്റെ നടുവിലും മനഃസമാധാനവും കൈവരിക്കുവാൻ താങ്കൾക്കു സാധിച്ചുവോ ?
ഇല്ലെങ്കിൽ, തുടർന്ന് വായിക്കുക…
ലോകം വെട്ടിപ്പിടിച്ച് എല്ലാം കൈപ്പടിയിലൊതുക്കി എന്ന് നാം കരുതുമ്പോഴും, എന്തെ ആ സമാധാനം മാത്രം നമ്മുടെ ഉള്ളിൽ നിറയുന്നില്ല? ഇന്ന് ഭൂരിഭാഗം ആളുകളും ആന്തരിക ശൂന്യത അനുഭവിക്കുന്നവരായി മാറി തീർന്നിരിക്കുകയാണ്. നിങ്ങളും അതിൽ പെടുന്ന വ്യക്തിയാണോ?
വിഷമിക്കണ്ട, പരിഹാരമുണ്ട് കേട്ടോ… ജീവിതത്തിൽ പ്രതിസന്ധികളുടെ വന്മല തന്നെ അഭിമുഖികരിക്കേണ്ടി വന്നാലും കർത്താവിൽ ആശ്രയിക്കുന്ന ഒരാൾക്ക് ആ ആന്തരിക സമാധാനം ആസ്വദിക്കാൻ കഴിയും.
എങ്ങനെയാണന്നല്ലേ, പറഞ്ഞു തരാം… ബൈബിളിലെ ഫിലിപ്പിയർ 4 :6 – 7 വാക്യങ്ങളിൽ ഇപ്രകാരം പറയുന്നു, ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
നമ്മുടെ പരിചയത്തിലുള്ളവർ മരിക്കുമ്പോൾ ‘സമാധാനത്തിൽ വിശ്രമിക്കു’ (rest in peace) എന്ന് പറഞ്ഞ് നാം അനുശോചനം അയക്കാറുണ്ടല്ലോ, എന്നാൽ ഒരു സംശ്യം ചോദിക്കട്ടെ? യഥാർത്ഥത്തിൽ നാം “സമാധാനത്തിൽ ജീവിക്കുകയാണോ?” ജീവിത പോരാട്ടങ്ങൾക്കിടയിൽ അത്യന്തമായ സമാധാനം തേടുകയാണോ നിങ്ങളും?
യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ വിട്ട് ക്രൂശിക്കപ്പെടാൻ പോകുന്നതിനു മുൻപ്, അവർക്ക് ഒരിക്കലും അവസാനിക്കാത്ത സമാധാനം ഉറപ്പുനൽകി. അനായാസമായ ഭാവി ജീവിതം അല്ല അവൻ വാഗ്ദാനം ചെയ്തത്, പകരം ദുർഘടസാഹചര്യങ്ങളെ മറികടക്കുവാൻ കഴിയുന്ന സമാധാനമാണ് നൽകിയത്. അതു വിശ്വാസത്താൽ വേരൂന്നിയ സുരക്ഷിതത്വമാണ്.
യോഹന്നാൻ 14 : 27 ൽ (ബൈബിൾ) സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുത് എന്ന് പറഞ്ഞിരിക്കുന്നു. ഈ ലോകം ജീവിക്കാൻ അൽപ്പം കഠിനമായ ഇടമാണ്, അത് ദൈവത്തിനറിയാം, അതിനാൽ തന്നെ ഈ ഓട്ടത്തിൽ നമ്മൾ ഒറ്റയ്ക്കല്ല. യോഹന്നാൻ 16 : 33 ൽ (ബൈബിൾ) കർത്താവ് പറയുന്നത് പോലെ, നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.
യേശുവാണ് പരമോന്നത സമാധാനസ്ഥാപകൻ. സമാധാനം സ്ഥാപിക്കാനാണ് യേശു വന്നത്; അവന്റെ സന്ദേശം സമാധാനത്തെ വിശദീകരിച്ചു; അവന്റെ മരണം സമാധാനത്ത വിലയ്ക്ക് വാങ്ങി; അവന്റെ ഉയിർത്തെഴുന്നേറ്റ സാന്നിദ്ധ്യം സമാധാനം സാധ്യമാക്കി. അവനെ “സമാധാന പ്രഭു” എന്ന് വിളിക്കുന്നു (യെശയ്യാവ് 9:6).
വാഗ്ദത്തം സ്വീകരിക്കുക, ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ വഴിവിളക്കായിരിക്കട്ടെ.
ഇത് വായിക്കുന്ന താങ്കളുടെ ജീവിതത്തിലും ദൈവിക സമാധാനം നിറയട്ടെ…v
English Version
Click the view button to read the Malayalam version of this content.